Sunday, April 15, 2007

കറുമ്പന്‍


ഞാന്‍ ജീവിതത്തിലാദ്യമായി ‘ഉറക്കെ’ ചിന്തിച്ച, മനസ്സ് വിങ്ങിപ്പോട്ടിയ ഒരു സന്ദര്‍ഭം ഇവിടെ സ്മരിക്കട്ടെ.

ഞാന്‍ അപ്പര്‍ പ്രൈമറിയില്‍ പഠിക്കുന്ന കാലം.രണ്ടര കിലോമീറ്റര്‍ ദൂരെയാണ് സ്‌കൂള്‍.
നല്ല ബസ് സൌകര്യമുണ്ട്. സ്‌കൂള്‍ വിട്ടാല്‍ പലപ്പോഴും നടന്നാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്താറുള്ളത്.പ്രത്യേകിച്ച് മഴക്കാലത്ത്.മഴ വേണ്ടുവോളം നനയും.മെറൂണ്‍ പാന്റ് തെറിച്ചു കയറ്റി പാടവരമ്പത്ത് കൂടെ കൂട്ടുകാരൊത്ത് നുണ പറഞ്ഞ് നടക്കും.
വെള്ള അംബാസിഡറും ഒറ്റ മൈനയേയും കണ്ടാലുണ്ടാവാന്‍ പോകുന്ന ഭാഗ്യങ്ങളെപ്പറ്റി!
പിന്നെ കുത്തിയൊഴുകുന്ന വെള്ളച്ചാലുകളില്‍ വേണ്ടുവോളം നിന്ന് കാലുകള്‍ നനയിക്കും.

ഈ ‘വിനോദയാത്രകള്‍’ കഴിഞ്ഞ് ആറരയ്ക്ക് വരെ വീട്ടില്‍ തിരിച്ചെത്തിയ ദിവസങ്ങളുണ്ട്!
പിന്നെ എന്തുണ്ടാവും എന്ന് നിങ്ങള്‍ക്കൂഹിക്കാം.!

അത്തരം യാത്രകളില്‍ ഒപ്പമുള്ള സുഹൃത്തുക്കള്‍ മാറിമറിയും.അങ്ങനെയൊരുനാള്‍ എനിക്ക് കിട്ടിയ സുഹൃത്താണ് അവന്‍,ആ കറുമ്പന്‍.(അവന്റെ പേര് എനിക്കോര്‍മയില്ല,നിഷ്കളങ്കനായിരുന്നു അവന്‍,നല്ല സംസാരവും)
അന്ന് അവനൊരു കറുമ്പനാണെന്ന് തോന്നാന്‍ കാരണം,ഞാനൊരു വെളുമ്പനല്ലെങ്കിലും അവനോളം കറുമ്പനല്ലെന്ന് ഒരു തോന്നല്‍ അന്നുണ്ടായിരുന്നത് കൊണ്ടാണ്!
ഒരു പാട് ദിവസം ഞങ്ങള്‍ സ്‌കൂള്‍ വിട്ട് ഒരുമിച്ച് വന്നിട്ടുണ്ട്. ഒരുപാട് നുണകള്‍ പങ്കിട്ടിട്ടുണ്ട്..

ഒരു ദിവസം സ്കൂള്‍ വിട്ട് വരുമ്പോള്‍ നേരെ ടൌണില്‍ നിന്ന് പാടവരമ്പത്തേക്ക് ഞങ്ങളിറങ്ങി.പിന്നെ കാക്കാത്തോടും കഴിഞ്ഞ് അവരവരുടെ വീടുകള്‍ ലക്ഷ്യം വച്ച് നടക്കുകയായിരുന്നു ഞങ്ങള്‍.എന്റെ വീട്ടില്‍ നിന്ന് പിന്നേയും അരക്കിലോമീറ്ററോളം അകലെയാണ് അവന്റെ വീട്.

"ടാ...ഇന്നു സമരമൊന്നുമുണ്ടായിരുന്നില്ലേടാ..?"
കുറേ തൊഴില്‍‌രഹിത യൌവനങ്ങള്‍ ഒരു അരമതില്‍ കയ്യേറി സമ്മേളിച്ചിരിക്കുകയായിരുന്നു.അതില്‍ എനിക്ക് പരിചയമുള്ള കുറേ ചേട്ടന്മാരും ഉണ്ടായിരുന്നു.അവരുടെ വകയാണ് കമന്റ്.
ഞാന്‍ നോക്കി ചിരിച്ചു.

"ഇതാരാ..നിന്റെ ഫ്രണ്ടാ...?"

"ഏയ്..,അല്ല."
ഞാന്‍ പെട്ടെന്നു പറഞ്ഞു പോയി.!

പറഞ്ഞു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തോ ഒരു കടുത്ത വേദന.
ഞാന്‍ അറിയാതെ അവനെ ഇടങ്കണ്ണിട്ടൊന്നു നോക്കി.ആ മുഖത്തുണ്ടായിരുന്ന ശൂന്യത എന്നെ വല്ലാതെ ഉലച്ചു.
പെട്ടെന്ന് വീടെത്തിയതു കൊണ്ട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് ആ സീനില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു.
എന്തു കൊണ്ട് ഞാനങ്ങനെ പറഞ്ഞു എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.
അപ്പോഴാണ് എന്റെ മനസ്സിലെ ഒരു കറുപ്പിനെ ഞാന്‍ തിരിച്ചറിഞ്ഞത്.
വര്‍ണ്ണ-ജാതി ഭേദങ്ങളെ (അറിഞ്ഞു കൊണ്ടല്ലെങ്കിലും) താലോലിക്കുന്ന ഒരു കറുപ്പ്.

അതിനു ശേഷം വിരളമായേ അവന്‍ എന്റെ കൂടെ വരാറുണ്ടായിരുന്നുള്ളൂ.ഇന്ന് ആ ബാല്യകാലസുഹൃത്ത് എവിടെയാണെന്നറിയില്ല.അവന് എല്ലാ മംഗളങ്ങളും.

3 comments:

padmanabhan namboodiri said...

ഗാന്ധാരത്തു നിന്നാണോ വരവു?

കാ‍ന്താരി said...

അതെന്താ അങ്ങനെ ചോദിച്ചത് മാഷേ..

MA. Bakar said...

കറുപ്പ്‌ മാറിയ ഒരു ഹൃദയം കഥയിലുണ്ട്..

ബൂലോകം:പുതിയ പോസ്റ്റുകള്‍