Wednesday, April 11, 2007

ഇന്നത്തെ വികസന സങ്കല്പങ്ങള്‍


വികസനം എന്നത് ഒരു ‘ഭയങ്കര’ സംഭവമാകുന്നു.ഒരു ഷങ്കര്‍ ചിത്രത്തിന്റെ അവസാനം മുളച്ചു പൊന്തിവരുന്ന കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കാണിച്ചാണ് ഒരു സംസ്ഥാനത്തിന്റെ വികസനം സൂചിപ്പിച്ചിരിക്കുന്നത്.
ഓര്‍മയില്ലേ..‘മുതല്‍‌വന്‍‘?

ഇന്ന് നമ്മുടെ ചിന്തകളിലും വികസനം അതു തന്നെയാണ്.നമ്മളങ്ങനെയാണ് പഠിച്ചത്/പഠിപ്പിക്കപ്പെട്ടത്.
മണ്ണും,വെള്ളവും,വായുവും വിഷമയമാക്കുന്ന വികസനമാണ് നമുക്ക് ഇപ്പോഴും പഥ്യം

അങ്ങനെ വികസിച്ചു വരുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്നു പോകുന്ന സാധരണക്കാരുണ്ടാവും-ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും ചേരികളിലും.പക്ഷേ അവരെ ആര്‍ക്കു വേണം?വികസനത്തിന്റെ വാര്‍പ്പുമാതൃകകളിലൊന്നും അവരില്ലല്ലോ,അവരുടെ ഉന്നമനവും.
ഈ വികസന മാതൃക തൊഴില്‍ സമൂഹത്തേയും വിഭജിച്ചിരിക്കുന്നു.തൊഴിലുകളില്‍ ചിലത് ഒന്നാം കിട, മറ്റു ചിലത് രണ്ടാം കിട.ഈ സമീകരണങ്ങള്‍ പ്രകാരം കര്‍ഷകരും,അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങളും രണ്ടാംകിടയോ ഇനി അതിനും താഴെ വല്ല ‘കിട’യും ഉണ്ടെങ്കില്‍ അതോ ആണ്.

മുതലാളിത്തത്തിന്റെ ബാക്കിപത്രമാണല്ലോ ഇത്തരം സങ്കല്പങ്ങള്‍.മുതലാളിത്തത്തിന് ബദലുകളില്ലെന്ന് ആഗോളീകരണം അലമുറയിടുന്ന ഇക്കാലത്ത് ഇടത്-വലത് വ്യത്യാസമില്ലാതെ മുഖ്യധാരാ രാഷ്ടീയം ഈ വഴിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതില്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ഭരണവര്‍ഗ്ഗത്തെ ഈ മനോഭാവം നിയന്ത്രിക്കുന്നതു കൊണ്ടാണ് നര്‍മദ,നന്ദിഗ്രാം-സിംഗൂര്‍ പോലുള്ള പ്രശ്നങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്.

ക്രിക്കറ്റ് സം‌പ്രേക്ഷണത്തിന്റെ കാര്യമാണെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്നാട്ടില്‍ ഓര്‍ഡിനന്‍സ് ഇറങ്ങും.എന്നാല്‍ വിദര്‍ഭയിലേയും വയനാട്ടിലേയും കര്‍ഷകര്‍ക്കായി എന്തെങ്കിലും ആശ്വാസ നടപടികള്‍ കൈക്കൊള്ളുന്നത് വര്‍ഷങ്ങള്‍ വച്ചു താമസിപ്പിക്കുകയും ചെയ്യും.മുന്‍‌ഗണനകളില്‍ വന്ന മാറ്റമാണ് ഇതിനു കാരണം.
കാര്‍ഷിക മേഖല കുത്തുപാളയെടുത്ത് നില്‍ക്കുമ്പോഴും ഗവര്‍മെന്റ് ശ്രദ്ധിക്കുന്നത് ഒന്‍പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാനാണ്.സെന്‍സെക്സിന്റെ ഉയര്‍ച്ച താഴ്ചകളിലാണ് രാജ്യത്തിന്റെ ഭാവിയെന്ന് ചില സാമ്പത്തിക വിചക്ഷണന്മാരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.ഇനി ഒന്‍പത് ശതമാനമെന്ന ‘ഹലാക്ക്’ കൈവരിച്ചു എന്ന് കരുതുക,അപ്പോള്‍ ഇന്നാട്ടില്‍ എന്തു സംഭവിക്കും?
ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
സമ്പന്ന-ദരിദ്ര അന്തരം കൂടുതല്‍ വര്‍ദ്ധിക്കുമെന്നേ ഉള്ളൂ.

മനുഷ്യനെ കൊലക്കു കൊടുക്കാത്ത,എല്ലാവരുടേയും ഭക്ഷണവും,സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന വികസന മാതൃകകളുണ്ടെന്ന് അതായത് ആഗോളീകരണത്തിന് ബദലുകളുണ്ടെന്ന് സ്ഥാപിക്കാന്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടല്‍ ആവശ്യമാണ്.

No comments:

ബൂലോകം:പുതിയ പോസ്റ്റുകള്‍