Thursday, April 26, 2007

പൂനെ:എന്‍റ്റെ കാഴ്ചയില്‍ 2


പി.എം.ടി

പൂനെയുടെ മുഖമുദ്രകളിലൊന്നാണ്‌ പി.എം.ടി .(പൂനെ മുനിസിപല്‍ ട്രാന്‍സ്പോര്‍ട്ട്)ഇവിടുത്തെ പൊതുമേഖലാ ബസ് സര്‍വീസ്സ്.പി.എം.ടി.ബസ്സുകള്‍ പൂനെ അടക്കി വാഴുന്നു.അവ പൂനെയുടെ സിരകളിലൂടെ പൊടിപാറിച്ച് പറപറക്കുന്നു.അവ ഒന്നു നിര്‍ത്തുമ്പോള്‍ പിന്നില്‍ ഒരു വാഹനസാഗരം നിശ്ചലമാകുന്നു.

ഇന്നാട്ടില്‍ കാലുകുത്തുന്ന ഓരോ മറുനാടനും (മറാഠി അറിയാത്തവനാണെങ്കില്‍ പ്രത്യേകിച്ചും ) പി.എം.ടി. ബസുകളൊരു പേടിസ്വപ്നമാണ്‌.-അവയിലെ ജീവനക്കാരും .

കൃത്യനിഷ്ഠതയില്ലായ്മ,വൃത്തിയില്ലായ്മ,ജീവനക്കാരുടെ മര്യാദയില്ലാത്ത പെരുമാറ്റം എന്നിവ ആദ്യ യാത്രയില്‍ തന്നെ ഏതൊരുവനും അനുഭവവേദ്യമാകും .(അപവാദങ്ങള്‍ ഇല്ല എന്നല്ല,പക്ഷേ വിരളമാണ്‌)

"സര്‍ക്ക പൂട..സര്‍ക്ക പൂട.."
ടിക് ...ടിക്....
കയ്യിലുള്ള ടിക്കറ്റ് പന്ചിംങ് മെഷീന്‍ ഇടക്കിടക്ക് 'ടിക്കി', 'സര്‍ക്കക്ക് പൂടാന്‍'-അതായത് മുന്നോട്ട് നടക്കാന്‍ - ആജ്ഞാപിക്കുന്ന,എപ്പോഴും രോഷം മുഖത്ത് ഫിറ്റു ചെയ്തു നടക്കുന്ന കണ്ടക്റ്റര്‍മാരാണ്‌ പി.എം .ടി.യിലെ രാജാക്കന്‍മാര്‍ .
കണ്ടക്റ്റര്‍മാര്‍ പൊതുജനങ്ങളുടെ മേല്‍ ഒരു ആധിപത്യ മനോഭാവമാണ്‌ പുലര്‍ത്തുന്നത്.ഇന്നട്ടുകാര്‍ക്ക് കണ്ടക്റ്റര്‍മാരുടെ അവഹേളനകളില്‍ പരിഭവമുണ്ടാവുമെങ്കിലും ആരും പ്രതികരിക്കാറില്ല.'ജീവിക്കാന്‍ തന്നെ സമയം തികയുന്നില്ല,പിന്നെയാണോ ബസുകാരോട് വഴക്കിടുന്നത്' എന്ന മനോഭാവമാന്‌ പലര്‍ക്കും .

പണ്ട്, ജനസാന്ദ്രത ഇത്രയൊന്നുമില്ലാതിരുന്ന കാലത്ത്,പി.എം.ടി തുടങ്ങിയപ്പോള്‍ തീര്‍ച്ചയായും അതിനൊരു പ്രൌഢപ്രഭാവം ഉണ്ടായിരുന്നിരിക്കണം .കാരണം അന്ന് സമ്പന്ന മദ്ധ്യവര്‍ഗ്ഗത്തിന്‍റ്റെ സ്വപനങ്ങള്‍ പോലും മക്സിമം ഒരു സ്കൂട്ടറിലൊതിങ്ങിയിരുന്നുവല്ലോ. പി.എം.ടി കൂടുതല്‍ ടാറ്റാ ബസുകള്‍ നിരത്തിലിറക്കാന്‍ തുടങ്ങിയപ്പോള്‍ കൂടെ ഒരു നിയന്ത്രണവും കൊണ്ടുവന്നു.അതായത് ഫുള്‍സീറ്റിങ്ങിനു ശേഷം നിശ്ചിത എണ്ണം പേരെ മാത്രമേ നില്ക്കാന്‍ അനുവദിക്കൂ.അതും വിരലിലെണ്ണാവുന്നവര്‍.
അതിന്‍റ്റെ ആവശ്യകത എന്തായിരുന്നു എന്ന് മനസ്സിലാകുന്നില്ല.
യാത്രക്കാരെ നിയന്ത്രിക്കന്‍ 'നിയമപരമായി' ബാധ്യസ്ഥരായതു കൊണ്ട് കണ്ടക്റ്റര്‍മാര്‍ പരുഷമായി,ആധിപത്യപരമായി പെരുമാറാന്‍ തുടങ്ങി.പരിധിക്കു ശേഷം ഇടിച്ചു കയറുന്നവരെ ആക്രോശിച്ച് പിടിച്ച് പുറത്തേക്കു തള്ളുമായിരുന്നത്രേ പണ്ട്.
എന്നാല്‍ പൂനെയുടെ ജനസാന്ദ്രതവര്‍ദ്ധിച്ചുവരുന്നത് ട്രാന്‍സ്പോര്‍ട്ടുകാര്‍ അറിയാത്ത ഭാവം നടിച്ചു.ജനങ്ങള്‍ ഇരട്ടിയായപ്പോഴും പഴയ നിയന്ത്രണം തുടര്‍ന്നു പോന്നു.

കാലിയായി പോകുന്ന ബസുകള്‍ .....ഇളിഭ്യരായി വെയിലുകൊണ്ട് നില്ക്കുന്ന ജനങ്ങള്‍ ....

യാത്ര നിഷേധിക്കപ്പെട്ട ജനങ്ങള്‍ കണ്ടക്റ്ററുമായി കശപിശയുണ്ടാക്കുക,രോഷാകുലരായ ചില റൌഡികള്‍ കണ്ടക്റ്ററെ എടുത്തു പെരുമാറുക തുടങ്ങിയ കലാപരിപാടികള്‍ തുടര്‍ക്കഥയായപ്പോള്‍ ആ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റി.
വാതില്‍പടിയുടെ അവസാന പടിയില്‍ നാലു പേര്‍ തൂങ്ങി നിന്നാണ്‌ ഇന്നത്തെ യാത്രകള്‍. പക്ഷേ കണ്ടക്റ്റര്‍മാര്‍ പഴയ പോലെ തന്നെ.
ഡെപ്പോകള്‍ ധാരാളമുണ്ടെങ്കിലും ബസുകള്‍ കഴുകുക വിരളമാണ്.പൂട്ടു കഴിഞ്ഞു പോകുന്ന പോത്തുകളെ പോലെയാണ് പല ബസുകളും.ജനല്‍ചില്ലും കടന്ന് മുകളറ്റം വരെ ചെളി കൊണ്ട് അലംകൃതമായ ബസുകളേയും ഇവിടെ കാണാം .മഴക്കാലത്തെങ്കിലും അവ വൃത്തിയാകുമെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്.പക്ഷേ വാസ്ഥവം മറ്റൊന്നാണ്..മഴക്കാലത്ത് കൂടുതല്‍ ചെളിയാവും ..കാരണം ഇവിടുത്തെ മണ്‌ണ്‌ അത്തരത്തിലുള്ളതാണ്.

ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചമായി വരുന്നുണ്ട്.ബി.ആര്‍.ടി.സിസ്റ്റം (ബസ് റാപിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം) ഭാഗികമായെങ്കിലും സ്ഥാപിച്ചു.അശോക് ലെയ്‌ലാന്‍റ്റിന്‍റ്റെ ലോഡെക്ക് (വൃത്തിയുള്ള) ബസുകള്‍ നിരത്തിലിറക്കി.കൂടുതല്‍ സീറ്റുകള്,കൂടുതല്‍ സ്പെയ്സി.പിന്നെ ബി.ആര്‍.ടി. ജീവനക്കാര്‍ക്ക് നിലവാരമുള്ള ട്രൈനിംഗും കൊടുത്തിട്ടുണ്ട് പി.എം.ടി.
പ്രാരംഭശൂരത്വമായി ഒതുങ്ങാതിരുന്നാല്‍ മതി.

Saturday, April 21, 2007

പൂനെ:എന്‍റ്റെ കാഴ്ചയില്‍ 1


...pune is well known for its quality educational institutions that attract students from far and wide.rightly,therefore,pune is known as modern Thakshashila of india and Oxford of the east.
situated picturesque Sahyadris,160 km south-east of mumbai,pune is the cultural capital of maharashtra.with its moderate climate,excellent ambience for learning,good connectivity with other parts of the country and a vibrant society..

മേലെ പറഞ്ഞത് ഞാന്‍ പഠിക്കുന്ന സ്ഥാപനത്തിന്‍റ്റെ ബ്രോഷറില്‍ നിന്ന് എടുത്ത് ചേര്‍ത്തവയാണ്.കുട്ടികളെ വലയിലാക്കാനുള്ള ഒരു സ്വാശ്രയസ്ഥാപനത്തിന്‍റ്റെ ത്വരയില്‍ നിന്നുയിര്‍കൊണ്ട വാചാടോപങ്ങളായി കണക്കാക്കിയാല്‍ മതി അവയെ.ഒരു കാര്യം സത്യമാണ്‌-ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടിവിടെ.ഈയിടെ ഒരു പത്രത്തില്‍ വായിച്ചു,ഈ നഗരത്തിലെ ഓരോ സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലും ഒരു റെപ്യൂട്ടഡ് വിദ്യാഭ്യാസസ്ഥാപനമുണ്ട്.

കാലാവസ്ഥ നല്ലതു തന്നെ,പക്ഷെ പൊടിയടിച്ച് ആകെപ്പാടെ 'ഹലാക്കിലാവും '!പൊടി ശല്യം ഒരല്പം കൂടുതലാണ്.ഇതു പറഞ്ഞപ്പോള്‍ ,കൊച്ചിയിലെ (അതോ കേരളത്തിന്‍റ്റെയോ?) നാറ്റം സഹിക്കാഞ്ഞ് പൂനെക്ക് വണ്ടികയറിയ കമലാസുറയ്യയെ ഓര്‍മ്മ വരുന്നു.ഇവിടത്തെ പൊടി അവരെ പിന്നേം നാടു കടത്തുമോ ആവോ...!

ഓരോ നഗരത്തിനും പലതും നമ്മോട് സംവദിക്കാനുണ്ടാവും .പൂനെക്ക് എന്താണ്‌ എന്നോട് പറയാനുള്ളത്?ആ സംവാദം എന്‍റ്റെ നഗരക്കാഴ്ച്ചകളായി ഇവിടെ കുറിക്കട്ടെ.ഇത് ആധികാരിക വിവരണങ്ങളൊന്നുമല്ല,വെറും കാഴ്ചകള്‍ മാത്രം.

Sunday, April 15, 2007

കറുമ്പന്‍


ഞാന്‍ ജീവിതത്തിലാദ്യമായി ‘ഉറക്കെ’ ചിന്തിച്ച, മനസ്സ് വിങ്ങിപ്പോട്ടിയ ഒരു സന്ദര്‍ഭം ഇവിടെ സ്മരിക്കട്ടെ.

ഞാന്‍ അപ്പര്‍ പ്രൈമറിയില്‍ പഠിക്കുന്ന കാലം.രണ്ടര കിലോമീറ്റര്‍ ദൂരെയാണ് സ്‌കൂള്‍.
നല്ല ബസ് സൌകര്യമുണ്ട്. സ്‌കൂള്‍ വിട്ടാല്‍ പലപ്പോഴും നടന്നാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്താറുള്ളത്.പ്രത്യേകിച്ച് മഴക്കാലത്ത്.മഴ വേണ്ടുവോളം നനയും.മെറൂണ്‍ പാന്റ് തെറിച്ചു കയറ്റി പാടവരമ്പത്ത് കൂടെ കൂട്ടുകാരൊത്ത് നുണ പറഞ്ഞ് നടക്കും.
വെള്ള അംബാസിഡറും ഒറ്റ മൈനയേയും കണ്ടാലുണ്ടാവാന്‍ പോകുന്ന ഭാഗ്യങ്ങളെപ്പറ്റി!
പിന്നെ കുത്തിയൊഴുകുന്ന വെള്ളച്ചാലുകളില്‍ വേണ്ടുവോളം നിന്ന് കാലുകള്‍ നനയിക്കും.

ഈ ‘വിനോദയാത്രകള്‍’ കഴിഞ്ഞ് ആറരയ്ക്ക് വരെ വീട്ടില്‍ തിരിച്ചെത്തിയ ദിവസങ്ങളുണ്ട്!
പിന്നെ എന്തുണ്ടാവും എന്ന് നിങ്ങള്‍ക്കൂഹിക്കാം.!

അത്തരം യാത്രകളില്‍ ഒപ്പമുള്ള സുഹൃത്തുക്കള്‍ മാറിമറിയും.അങ്ങനെയൊരുനാള്‍ എനിക്ക് കിട്ടിയ സുഹൃത്താണ് അവന്‍,ആ കറുമ്പന്‍.(അവന്റെ പേര് എനിക്കോര്‍മയില്ല,നിഷ്കളങ്കനായിരുന്നു അവന്‍,നല്ല സംസാരവും)
അന്ന് അവനൊരു കറുമ്പനാണെന്ന് തോന്നാന്‍ കാരണം,ഞാനൊരു വെളുമ്പനല്ലെങ്കിലും അവനോളം കറുമ്പനല്ലെന്ന് ഒരു തോന്നല്‍ അന്നുണ്ടായിരുന്നത് കൊണ്ടാണ്!
ഒരു പാട് ദിവസം ഞങ്ങള്‍ സ്‌കൂള്‍ വിട്ട് ഒരുമിച്ച് വന്നിട്ടുണ്ട്. ഒരുപാട് നുണകള്‍ പങ്കിട്ടിട്ടുണ്ട്..

ഒരു ദിവസം സ്കൂള്‍ വിട്ട് വരുമ്പോള്‍ നേരെ ടൌണില്‍ നിന്ന് പാടവരമ്പത്തേക്ക് ഞങ്ങളിറങ്ങി.പിന്നെ കാക്കാത്തോടും കഴിഞ്ഞ് അവരവരുടെ വീടുകള്‍ ലക്ഷ്യം വച്ച് നടക്കുകയായിരുന്നു ഞങ്ങള്‍.എന്റെ വീട്ടില്‍ നിന്ന് പിന്നേയും അരക്കിലോമീറ്ററോളം അകലെയാണ് അവന്റെ വീട്.

"ടാ...ഇന്നു സമരമൊന്നുമുണ്ടായിരുന്നില്ലേടാ..?"
കുറേ തൊഴില്‍‌രഹിത യൌവനങ്ങള്‍ ഒരു അരമതില്‍ കയ്യേറി സമ്മേളിച്ചിരിക്കുകയായിരുന്നു.അതില്‍ എനിക്ക് പരിചയമുള്ള കുറേ ചേട്ടന്മാരും ഉണ്ടായിരുന്നു.അവരുടെ വകയാണ് കമന്റ്.
ഞാന്‍ നോക്കി ചിരിച്ചു.

"ഇതാരാ..നിന്റെ ഫ്രണ്ടാ...?"

"ഏയ്..,അല്ല."
ഞാന്‍ പെട്ടെന്നു പറഞ്ഞു പോയി.!

പറഞ്ഞു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തോ ഒരു കടുത്ത വേദന.
ഞാന്‍ അറിയാതെ അവനെ ഇടങ്കണ്ണിട്ടൊന്നു നോക്കി.ആ മുഖത്തുണ്ടായിരുന്ന ശൂന്യത എന്നെ വല്ലാതെ ഉലച്ചു.
പെട്ടെന്ന് വീടെത്തിയതു കൊണ്ട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് ആ സീനില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു.
എന്തു കൊണ്ട് ഞാനങ്ങനെ പറഞ്ഞു എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.
അപ്പോഴാണ് എന്റെ മനസ്സിലെ ഒരു കറുപ്പിനെ ഞാന്‍ തിരിച്ചറിഞ്ഞത്.
വര്‍ണ്ണ-ജാതി ഭേദങ്ങളെ (അറിഞ്ഞു കൊണ്ടല്ലെങ്കിലും) താലോലിക്കുന്ന ഒരു കറുപ്പ്.

അതിനു ശേഷം വിരളമായേ അവന്‍ എന്റെ കൂടെ വരാറുണ്ടായിരുന്നുള്ളൂ.ഇന്ന് ആ ബാല്യകാലസുഹൃത്ത് എവിടെയാണെന്നറിയില്ല.അവന് എല്ലാ മംഗളങ്ങളും.

Wednesday, April 11, 2007

ഇന്നത്തെ വികസന സങ്കല്പങ്ങള്‍


വികസനം എന്നത് ഒരു ‘ഭയങ്കര’ സംഭവമാകുന്നു.ഒരു ഷങ്കര്‍ ചിത്രത്തിന്റെ അവസാനം മുളച്ചു പൊന്തിവരുന്ന കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കാണിച്ചാണ് ഒരു സംസ്ഥാനത്തിന്റെ വികസനം സൂചിപ്പിച്ചിരിക്കുന്നത്.
ഓര്‍മയില്ലേ..‘മുതല്‍‌വന്‍‘?

ഇന്ന് നമ്മുടെ ചിന്തകളിലും വികസനം അതു തന്നെയാണ്.നമ്മളങ്ങനെയാണ് പഠിച്ചത്/പഠിപ്പിക്കപ്പെട്ടത്.
മണ്ണും,വെള്ളവും,വായുവും വിഷമയമാക്കുന്ന വികസനമാണ് നമുക്ക് ഇപ്പോഴും പഥ്യം

അങ്ങനെ വികസിച്ചു വരുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്നു പോകുന്ന സാധരണക്കാരുണ്ടാവും-ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും ചേരികളിലും.പക്ഷേ അവരെ ആര്‍ക്കു വേണം?വികസനത്തിന്റെ വാര്‍പ്പുമാതൃകകളിലൊന്നും അവരില്ലല്ലോ,അവരുടെ ഉന്നമനവും.
ഈ വികസന മാതൃക തൊഴില്‍ സമൂഹത്തേയും വിഭജിച്ചിരിക്കുന്നു.തൊഴിലുകളില്‍ ചിലത് ഒന്നാം കിട, മറ്റു ചിലത് രണ്ടാം കിട.ഈ സമീകരണങ്ങള്‍ പ്രകാരം കര്‍ഷകരും,അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങളും രണ്ടാംകിടയോ ഇനി അതിനും താഴെ വല്ല ‘കിട’യും ഉണ്ടെങ്കില്‍ അതോ ആണ്.

മുതലാളിത്തത്തിന്റെ ബാക്കിപത്രമാണല്ലോ ഇത്തരം സങ്കല്പങ്ങള്‍.മുതലാളിത്തത്തിന് ബദലുകളില്ലെന്ന് ആഗോളീകരണം അലമുറയിടുന്ന ഇക്കാലത്ത് ഇടത്-വലത് വ്യത്യാസമില്ലാതെ മുഖ്യധാരാ രാഷ്ടീയം ഈ വഴിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതില്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ഭരണവര്‍ഗ്ഗത്തെ ഈ മനോഭാവം നിയന്ത്രിക്കുന്നതു കൊണ്ടാണ് നര്‍മദ,നന്ദിഗ്രാം-സിംഗൂര്‍ പോലുള്ള പ്രശ്നങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്.

ക്രിക്കറ്റ് സം‌പ്രേക്ഷണത്തിന്റെ കാര്യമാണെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്നാട്ടില്‍ ഓര്‍ഡിനന്‍സ് ഇറങ്ങും.എന്നാല്‍ വിദര്‍ഭയിലേയും വയനാട്ടിലേയും കര്‍ഷകര്‍ക്കായി എന്തെങ്കിലും ആശ്വാസ നടപടികള്‍ കൈക്കൊള്ളുന്നത് വര്‍ഷങ്ങള്‍ വച്ചു താമസിപ്പിക്കുകയും ചെയ്യും.മുന്‍‌ഗണനകളില്‍ വന്ന മാറ്റമാണ് ഇതിനു കാരണം.
കാര്‍ഷിക മേഖല കുത്തുപാളയെടുത്ത് നില്‍ക്കുമ്പോഴും ഗവര്‍മെന്റ് ശ്രദ്ധിക്കുന്നത് ഒന്‍പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാനാണ്.സെന്‍സെക്സിന്റെ ഉയര്‍ച്ച താഴ്ചകളിലാണ് രാജ്യത്തിന്റെ ഭാവിയെന്ന് ചില സാമ്പത്തിക വിചക്ഷണന്മാരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.ഇനി ഒന്‍പത് ശതമാനമെന്ന ‘ഹലാക്ക്’ കൈവരിച്ചു എന്ന് കരുതുക,അപ്പോള്‍ ഇന്നാട്ടില്‍ എന്തു സംഭവിക്കും?
ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
സമ്പന്ന-ദരിദ്ര അന്തരം കൂടുതല്‍ വര്‍ദ്ധിക്കുമെന്നേ ഉള്ളൂ.

മനുഷ്യനെ കൊലക്കു കൊടുക്കാത്ത,എല്ലാവരുടേയും ഭക്ഷണവും,സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന വികസന മാതൃകകളുണ്ടെന്ന് അതായത് ആഗോളീകരണത്തിന് ബദലുകളുണ്ടെന്ന് സ്ഥാപിക്കാന്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടല്‍ ആവശ്യമാണ്.

ബൂലോകം:പുതിയ പോസ്റ്റുകള്‍