
പി.എം.ടി
പൂനെയുടെ മുഖമുദ്രകളിലൊന്നാണ് പി.എം.ടി .(പൂനെ മുനിസിപല്‍ ട്രാന്‍സ്പോര്‍ട്ട്)ഇവിടുത്തെ പൊതുമേഖലാ ബസ് സര്‍വീസ്സ്.പി.എം.ടി.ബസ്സുകള്‍ പൂനെ അടക്കി വാഴുന്നു.അവ പൂനെയുടെ സിരകളിലൂടെ പൊടിപാറിച്ച് പറപറക്കുന്നു.അവ ഒന്നു നിര്‍ത്തുമ്പോള്‍ പിന്നില്‍ ഒരു വാഹനസാഗരം നിശ്ചലമാകുന്നു.
ഇന്നാട്ടില് കാലുകുത്തുന്ന ഓരോ മറുനാടനും (മറാഠി അറിയാത്തവനാണെങ്കില്‍ പ്രത്യേകിച്ചും ) പി.എം.ടി. ബസുകളൊരു പേടിസ്വപ്നമാണ്.-അവയിലെ ജീവനക്കാരും .
കൃത്യനിഷ്ഠതയില്ലായ്മ,വൃത്തിയില്ലായ്മ,ജീവനക്കാരുടെ മര്യാദയില്ലാത്ത പെരുമാറ്റം എന്നിവ ആദ്യ യാത്രയില്‍ തന്നെ ഏതൊരുവനും അനുഭവവേദ്യമാകും .(അപവാദങ്ങള്‍ ഇല്ല എന്നല്ല,പക്ഷേ വിരളമാണ്)
"സര്‍ക്ക പൂട..സര്‍ക്ക പൂട.."
ടിക് ...ടിക്....
കയ്യിലുള്ള ടിക്കറ്റ് പന്ചിംങ് മെഷീന് ഇടക്കിടക്ക് 'ടിക്കി', 'സര്‍ക്കക്ക് പൂടാന്‍'-അതായത് മുന്നോട്ട് നടക്കാന്‍ - ആജ്ഞാപിക്കുന്ന,എപ്പോഴും രോഷം മുഖത്ത് ഫിറ്റു ചെയ്തു നടക്കുന്ന കണ്ടക്റ്റര്‍മാരാണ് പി.എം .ടി.യിലെ രാജാക്കന്മാര് .
കണ്ടക്റ്റര്‍മാര്‍ പൊതുജനങ്ങളുടെ മേല്‍ ഒരു ആധിപത്യ മനോഭാവമാണ് പുലര്‍ത്തുന്നത്.ഇന്നട്ടുകാര്‍ക്ക് കണ്ടക്റ്റര്മാരുടെ അവഹേളനകളില്‍ പരിഭവമുണ്ടാവുമെങ്കിലും ആരും പ്രതികരിക്കാറില്ല.'ജീവിക്കാന്‍ തന്നെ സമയം തികയുന്നില്ല,പിന്നെയാണോ ബസുകാരോട് വഴക്കിടുന്നത്' എന്ന മനോഭാവമാന് പലര്‍ക്കും .
പണ്ട്, ജനസാന്ദ്രത ഇത്രയൊന്നുമില്ലാതിരുന്ന കാലത്ത്,പി.എം.ടി തുടങ്ങിയപ്പോള്‍ തീര്‍ച്ചയായും അതിനൊരു പ്രൌഢപ്രഭാവം ഉണ്ടായിരുന്നിരിക്കണം .കാരണം അന്ന് സമ്പന്ന മദ്ധ്യവര്‍ഗ്ഗത്തിന്റ്റെ സ്വപനങ്ങള്‍ പോലും മക്സിമം ഒരു സ്കൂട്ടറിലൊതിങ്ങിയിരുന്നുവല്ലോ. പി.എം.ടി കൂടുതല്‍ ടാറ്റാ ബസുകള്‍ നിരത്തിലിറക്കാന്‍ തുടങ്ങിയപ്പോള്‍ കൂടെ ഒരു നിയന്ത്രണവും കൊണ്ടുവന്നു.അതായത് ഫുള്‍സീറ്റിങ്ങിനു ശേഷം നിശ്ചിത എണ്ണം പേരെ മാത്രമേ നില്ക്കാന് അനുവദിക്കൂ.അതും വിരലിലെണ്ണാവുന്നവര്‍.
അതിന്റ്റെ ആവശ്യകത എന്തായിരുന്നു എന്ന് മനസ്സിലാകുന്നില്ല.
യാത്രക്കാരെ നിയന്ത്രിക്കന്‍ 'നിയമപരമായി' ബാധ്യസ്ഥരായതു കൊണ്ട് കണ്ടക്റ്റര്‍മാര്‍ പരുഷമായി,ആധിപത്യപരമായി പെരുമാറാന്‍ തുടങ്ങി.പരിധിക്കു ശേഷം ഇടിച്ചു കയറുന്നവരെ ആക്രോശിച്ച് പിടിച്ച് പുറത്തേക്കു തള്ളുമായിരുന്നത്രേ പണ്ട്.
എന്നാല്‍ പൂനെയുടെ ജനസാന്ദ്രതവര്‍ദ്ധിച്ചുവരുന്നത് ട്രാന്‍സ്പോര്‍ട്ടുകാര്‍ അറിയാത്ത ഭാവം നടിച്ചു.ജനങ്ങള്‍ ഇരട്ടിയായപ്പോഴും പഴയ നിയന്ത്രണം തുടര്‍ന്നു പോന്നു.
കാലിയായി പോകുന്ന ബസുകള്‍ .....ഇളിഭ്യരായി വെയിലുകൊണ്ട് നില്ക്കുന്ന ജനങ്ങള്‍ ....
യാത്ര നിഷേധിക്കപ്പെട്ട ജനങ്ങള്‍ കണ്ടക്റ്ററുമായി കശപിശയുണ്ടാക്കുക,രോഷാകുലരായ ചില റൌഡികള്‍ കണ്ടക്റ്ററെ എടുത്തു പെരുമാറുക തുടങ്ങിയ കലാപരിപാടികള്‍ തുടര്‍ക്കഥയായപ്പോള്‍ ആ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റി.
വാതില്‍പടിയുടെ അവസാന പടിയില്‍ നാലു പേര് തൂങ്ങി നിന്നാണ് ഇന്നത്തെ യാത്രകള്‍. പക്ഷേ കണ്ടക്റ്റര്‍മാര്‍ പഴയ പോലെ തന്നെ.
ഡെപ്പോകള്‍ ധാരാളമുണ്ടെങ്കിലും ബസുകള്‍ കഴുകുക വിരളമാണ്.പൂട്ടു കഴിഞ്ഞു പോകുന്ന പോത്തുകളെ പോലെയാണ് പല ബസുകളും.ജനല്‍ചില്ലും കടന്ന് മുകളറ്റം വരെ ചെളി കൊണ്ട് അലംകൃതമായ ബസുകളേയും ഇവിടെ കാണാം .മഴക്കാലത്തെങ്കിലും അവ വൃത്തിയാകുമെന്നാണ് ഞാന്‍ കരുതിയിരുന്നത്.പക്ഷേ വാസ്ഥവം മറ്റൊന്നാണ്..മഴക്കാലത്ത് കൂടുതല്‍ ചെളിയാവും ..കാരണം ഇവിടുത്തെ മണ്ണ് അത്തരത്തിലുള്ളതാണ്.
ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചമായി വരുന്നുണ്ട്.ബി.ആര്.ടി.സിസ്റ്റം (ബസ് റാപിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം) ഭാഗികമായെങ്കിലും സ്ഥാപിച്ചു.അശോക് ലെയ്ലാന്റ്റിന്റ്റെ ലോഡെക്ക് (വൃത്തിയുള്ള) ബസുകള്‍ നിരത്തിലിറക്കി.കൂടുതല്‍ സീറ്റുകള്‍,കൂടുതല്‍ സ്പെയ്സി.പിന്നെ ബി.ആര്.ടി. ജീവനക്കാര്‍ക്ക് നിലവാരമുള്ള ട്രൈനിംഗും കൊടുത്തിട്ടുണ്ട് പി.എം.ടി.
പ്രാരംഭശൂരത്വമായി ഒതുങ്ങാതിരുന്നാല്‍ മതി.